‘ഓ, ദിനാര്‍! നിനക്ക് നാശം..!!’

 ‘ഓ, ദിനാര്‍! നിനക്ക് നാശം..!!’woe_unto_you_o_dinar

ദിനാര്‍ അല്‍-അയാര്‍ എന്ന ഒരു വ്യക്തിയെ കുറിച്ച് അത്ഭുതകരമായ ഒരു കഥയുണ്ട്.

ദിനാറിന്റെ മാതാവ് സദ്‌വൃത്തയായ ഒരു സ്ത്രീ ആയിരുന്നു, അവര്‍ അയാളെ ഉപദേശിച്ചുകൊണ്ടേയിരിക്കുമായിരുന്നു, അയാളുടെ തന്നിഷ്ടകരമായ, പാപപങ്കിലമായ ജീവിതരീതിയെ കുറിച്ച്; എന്നാല്‍ എത്രത്തോളം അവര്‍ ശ്രമിച്ചിട്ടും, എന്തു തന്നെയായിട്ടും, അവരുടെ വാക്കുകള്‍ക്ക് അവനില്‍ ഗുണകരമായ ഒരു മാറ്റവും സൃഷ്ടിക്കാനായില്ല.

അങ്ങനെയിരിക്കെ, ഒരുനാള്‍, ഒരു ശ്മശാനത്തിലൂടെ അലക്ഷ്യമായി നടക്കവേ കാലില്‍ തടഞ്ഞ ഒരു ജീര്‍ണിച്ച എല്ലിന്‍കഷ്ണം പെറുക്കാനായി അയാള്‍ ഒന്നു നിന്നു. എന്നാല്‍, തന്റെ കയ്യിലെത്തുമ്പോഴേക്കും ആ എല്ലിന്‍കഷ്ണം തകര്‍ന്നു നുരുമ്പിച്ചു പൊടിപൊടിയായി പാറിയ കാഴ്ച ഒരു നിമിഷം അയാളെ സ്തബ്ധനാക്കി! ആ നുരുമ്പിച്ച എല്ലിന്‍കഷ്ണത്തിന്റെ ജീര്‍ണതയുടെ കാഴ്ച അയാളില്‍ അപ്രതീക്ഷിതമായി നിഗൂഡവും അഗാധവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു!

അയാള്‍ ഒരു നിമിഷം താനിതുവരെ ജീവിച്ചു തീര്‍ത്ത ജീവിതവും ചെയ്തുകൂട്ടിയ പാപങ്ങളുടെ ഏടുകളും ചിന്തിക്കാന്‍ തുടങ്ങി, ശേഷം തകര്‍ന്ന മനസോടെ സ്വയം ആക്ഷേപിച്ചുകൊണ്ട് അയാള്‍ ആര്‍ത്തുവിലപിച്ചു :

‘ഓ, ദിനാര്‍! നിനക്ക് നാശം..! നീ ഒരുനാള്‍ ഈ നുരുമ്പിച്ച എല്ല് പോലെ അവസാനിക്കാന്‍ പോകുന്നു, നിന്റെ ശരീരം ഇതുപോലെ പൊടിപൊടിയായി ജീര്‍ണിക്കും!!’

തന്റെ കഴിഞ്ഞകാല പാപങ്ങള്‍ ഒന്നൊന്നായി അയാളുടെ കണ്‍മുന്നില്‍ തെളിഞ്ഞുവന്നു. അയാള്‍ വേദന കൊണ്ട് പുളഞ്ഞു; അതിരറ്റ പശ്ചാത്താപത്തിന്റെ ആഴ്‌ന്നിറങ്ങിയ ചിന്തകള്‍ ഹൃദയത്തെ വരിഞ്ഞുമുറുക്കി. നീര്‍ നിറഞ്ഞ മിഴികള്‍  ചക്രവാളത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു: “എന്റെ രക്ഷിതാവേ! ഞാന്‍ ഇതാ പരിപൂര്‍ണമായ കീഴ്വണക്കത്തോടെ നിന്നിലേക്ക്‌ പശ്ചാത്താപിച്ച് മടങ്ങുന്നു; എന്നെ സ്വീകരിച്ചാലും, നിന്റെ അപാരമായ കാരുണ്യം എന്നില്‍ വര്‍ഷിച്ചാലും..”

തീര്‍ത്തും മാറിമറിഞ്ഞ ഒരു ഹൃദയവും വേറിട്ടൊരു മാനസികാവസ്ഥയുമായി അന്നേദിവസം ദിനാര്‍ വീടണഞ്ഞു; തന്റെ മാതാവിനെ സമീപിച്ചുകൊണ്ട് അയാള്‍ ചോദിച്ചു: “മാതാവേ, തന്നില്‍ നിന്നും കടന്നുകളഞ്ഞു പോയ ഒരടിമയെ തിരികെ പിടികൂടിയാല്‍ ഒരു യജമാനന്‍ എന്താണ് അയാളെ ചെയ്യുക?”

അവര്‍ പറഞ്ഞു: “[അവനെ ശിക്ഷിക്കാന്‍] യജമാനന്‍ അവന് ഏറ്റവും പരുപരുത്ത വസ്ത്രവും, താണ ഭക്ഷണവും നല്‍കും, ഇനി ഒരിക്കലും ഓടിപോവാന്‍ ശ്രമിക്കാത്ത വിധം അവന്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി ഇടും.

ദിനാര്‍ പറഞ്ഞു: “എങ്കില്‍ എനിക്ക് ഏറ്റവും പരുപരുത്ത കമ്പിളി കൊണ്ടുള്ള കുപ്പായം വേണം, താണതരം ബാര്‍ലിയും രണ്ടു ചങ്ങലകളും. മാതാവേ, ആ ഓടിക്കളഞ്ഞ അടിമയ്ക്ക് ചെയ്യുന്ന അതേപോലെ എന്നെ ചെയ്യുക. ഒരുപക്ഷേ, എന്റെ ഈ അപമാനവും അധമാവസ്ഥയും വിനയാന്വിതമായ മടക്കവും കണ്ടുകൊണ്ട്‌ എന്റെ രക്ഷിതാവ് എന്നില്‍ കാരുണ്യം ചൊരിഞ്ഞെങ്കിലോ!”

ആ മാതാവ് ഒരുവേള അമ്പരന്നെങ്കിലും, തന്റെ മകന്റെ നിര്‍ബന്ധബുദ്ധിയും, അവന്റെ തീരുമാനത്തിലെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും കണ്ട്, അവര്‍ അതിനു വഴങ്ങി.

തുടര്‍ന്നു വന്നെത്തിയ ഓരോ രാത്രിയുടെയും ആദ്യയാമങ്ങളിലേക്ക് കടന്നാല്‍,  ദിനാര്‍ നിയന്ത്രണം വിട്ടവനായി കരഞ്ഞുകൊണ്ട്‌ തേങ്ങി വിലപിക്കും.  തന്നോട് തന്നെ ഈ വാക്കുകള്‍ അയാള്‍  ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും:

‘ഓ, ദിനാര്‍! നിനക്ക് നാശം..! കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയുടെ കഠോരതയെ തടുത്തുനിര്‍ത്താന്‍ മാത്രം ശക്തനാണോ നീ? സര്‍വശക്തനായ അല്ലാഹുവിന്റെ കഠിനകോപത്തിന് അര്‍ഹമാക്കിയ ജീവിതം നയിച്ചു തീര്‍ക്കുമ്പോള്‍ നീ  എത്ര ലജ്ജയില്ലാത്തവനായിരുന്നു?’

ഈ നിലയില്‍ അയാള്‍ പുലരും വരെ തുടരുമായിരുന്നു.

വിളര്‍ത്ത് വിളറി മങ്ങിക്കൊണ്ട് ദിനാറിന്റെ ശരീരം ദിനേന ശോഷിക്കാന്‍ തുടങ്ങി. അയാളെ ഈ ശോച്യാവസ്ഥയില്‍ അധികം കണ്ടുകൊണ്ടിരിക്കാന്‍ ത്രാണിയില്ലാതെ അയാളുടെ മാതാവ് പറഞ്ഞു: “എന്റെ മകനെ, നീ സ്വന്തത്തിന് കുറച്ചു എളുപ്പം കൊടുക്കൂ”.  

അയാള്‍ മറുപടിയായി പറഞ്ഞു: “എന്റെ മാതാവേ, ഞാന്‍ ഇങ്ങനെ കുറച്ചുകാലം ബന്ധിതനായി തുടരട്ടെ.  അതുമൂലം, ഒരു പക്ഷെ എനിക്ക് പിന്നീട് ശാശ്വതമായ ആശ്വാസം നേടാന്‍ ആയേക്കാം. നാളെ ഒരു നാളില്‍, എന്റെ രാജാധിരാജനായ രക്ഷിതാവിനു മുന്നില്‍ ഞാന്‍ നീണ്ട കാലത്തോളം കാത്തുകെട്ടി നില്‍ക്കും; അന്ന് പ്രശാന്ത സുന്ദരമായ തണലുകള്‍ നിറഞ്ഞ ഉദ്യാനങ്ങളിലേക്കാണോ, അതോ വിവരിക്കാനാവാത്ത അതിഭീകരതയുടെ ഭയാനകമായ കിടങ്ങുകളിലേക്കാണോ എന്റെ രക്ഷിതാവ് എന്നോട് പോകാന്‍ വിധിക്കുക എന്ന് എനിക്ക് അറിയില്ലല്ലോ!”

ആ മാതാവ് ദീര്‍ഘനിശ്വാസമുതിര്‍ത്തു കൊണ്ട് പറഞ്ഞു: “പ്രിയമകനെ,  നീ അല്‍പ്പമൊന്നു വിശ്രമിക്കുകയെങ്കിലും ചെയ്യൂ.”

അയാള്‍ പറഞ്ഞു: “ഇന്നത്തെ താല്‍ക്കാലികമായ ആശ്വാസമോ വിശ്രമമോ അല്ലല്ലോ ഞാന്‍ തേടുന്നത്.  എന്റെ മാതാവേ, നാളെ നിങ്ങളും മറ്റു ജനങ്ങളും സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്നത് ഞാന്‍ നോക്കിക്കാണുമ്പോള്‍, എന്നെയാവട്ടെ ഭീകരമായ നരകത്തിലേക്ക് അതിന്റെ അവകാശികളോടൊപ്പം വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നത് ഞാന്‍ ഇതാ കണ്മുന്നില്‍ കാണും പോലെയുണ്ട്!” ഇതുകേട്ട് ആ മാതാവ് നിശ്ശബ്ദയായി  അവിടം വിട്ടുപോയി;  അയാളാവട്ടെ തേങ്ങിക്കരയുന്നതിലേക്കും, ഖുര്‍ആന്‍ പാരായണവും മറ്റ് ആരാധനകളുമായി അതിലേക്കും മടങ്ങി.

ഒരു രാത്രിയില്‍, അയാള്‍ ഖുര്‍ആന്‍ പാരായണം ചെയത് കൊണ്ടിരിക്കേ, അയാള്‍ ഈ പരിശുദ്ധ വചനങ്ങളില്‍ എത്തിച്ചേര്‍ന്നു:

﴾فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ﴿٩٢﴾ عَمَّا كَانُوا يَعْمَلُونَ ﴿٩٣﴾ : ﴿سورة الحجر

‘എന്നാല്‍ (ഓ മുഹമ്മദ്‌), നിന്‍റെ രക്ഷിതാവിനെത്തന്നെയാണ! അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും; അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.’  (അല്‍-ഹിജ്ര്‍: 92-93)

ഒരുനിമിഷം ഈ ആയത്തിന്റെ ആശയവും വിവക്ഷയും അയാളുടെ അകക്കണ്ണിന്റെ തിരശീലയില്‍ തെളിഞ്ഞപ്പോള്‍, അയാള്‍ അതികഠിനമായി നെഞ്ചുരുകിക്കൊണ്ട് ആര്‍ത്തുകരയുകയും അതിന്റെ തീവ്രതയാല്‍ ബോധരഹിതനായി വീഴുകയും ചെയ്തു.

അയാളുടെ മാതാവ് അവിടെ പാഞ്ഞെത്തി, അയാളെ ഉണര്‍ത്താന്‍ അവര്‍ തീവ്രശ്രമം തന്നെ നടത്തിയെങ്കിലും അയാള്‍ പ്രതികരിച്ചില്ല. അയാള്‍ ജീവന്‍ വെടിഞ്ഞെന്നു തന്നെ അവര്‍ കരുതി.

പിടയ്ക്കുന്ന ഹൃദയത്തോടെ തന്റെ മകന്റെ മുഖത്ത് നോക്കിക്കൊണ്ട്‌ ആ മാതാവ് വിലപിച്ചു: “എന്റെ പൊന്നോമന മകനെ, എന്റെ ഹൃദയത്തിന്റെ വസന്തമേ, നാമെവിടെയാണ് ഇനി കണ്ടുമുട്ടുക?”

സത്യത്തില്‍, ദിനാറില്‍ ജീവന്റെ തുടിപ്പ് അപ്പോളും ശേഷിച്ചിരുന്നു. അര്‍ദ്ധബോധത്തില്‍ ആ മാതാവിന്റെ നെഞ്ച് പിടയ്ക്കുന്ന വാക്കുകള്‍ ചെവിയിലെത്തിയപ്പോള്‍, അയാളില്‍ നിന്ന് തീര്‍ത്തും പരിക്ഷീണമായ വിളറിയ സ്വരത്തില്‍ വാക്കുകള്‍ കൊഴിഞ്ഞുവീണു: “എന്റെ പ്രിയ മാതാവേ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലെ വിശാലമായ സമതലങ്ങളില്‍ നിങ്ങള്‍ എന്നെ കണ്ടെത്തുന്നില്ലെങ്കില്‍, നിങ്ങള്‍ ‘മാലികി’നോട് ചോദിക്കുക; കത്തിജ്ജ്വലിക്കുന്ന നരകത്തിന്റെ കരുത്തുറ്റ കാവല്‍ക്കാരനായ മാലികിനോട് എന്നെ കുറിച്ച് ചോദിക്കുക!”
ശേഷം അവ്യക്തമായ ഒരു തേങ്ങിക്കരച്ചില്‍ ശബ്ദം പുറപ്പെടുവിച്ച് അയാള്‍ മരിച്ചുവീണു!

മകന്റെ ശരീരം കുളിപ്പിച്ച ശേഷം ആ മാതാവ് അയാളുടെ ജനാസയെ ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ശേഷം, അവര്‍ പുറത്ത് കടന്ന് ഉറക്കെ വിളംബരം ചെയ്തു: “ഓ ജനങ്ങളേ; ജ്വലിക്കുന്ന നരകാഗ്നി (യെ ഭയപ്പെട്ടു) കൊണ്ട് കൊല്ലപ്പെട്ട ഒരാളുടെ ജനാസ നമസ്കാരത്തിലേക്ക് നിങ്ങള്‍ വന്നുചേരുക..!”

ഇത് കേട്ട് നാനാദിക്കുകളില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങി. ആ കാലഘട്ടത്തില്‍, ഇതിനേക്കാള്‍ അധികമായി കണ്ണുനീര്‍ ഒഴുക്കപ്പെട്ട ഒരു ഒത്തുചേരല്‍  അന്നത്തേത് പോലെ വേറെ ഉണ്ടായിട്ടില്ല എന്ന് പറയപ്പെടുന്നു.

ആ ജനാസയെ ഖബറടക്കിയ അതേദിവസം രാത്രിയില്‍, ദിനാറിന്റെ സുഹൃത്തുക്കളിലൊരാള്‍  അയാളെ സ്വപ്നത്തില്‍ ദര്‍ശിച്ചു; പച്ചപ്പട്ടിന്റെ ഉടയാടകള്‍ അണിഞ്ഞുകൊണ്ട്!  ദിനാര്‍ സ്വര്‍ഗത്തില്‍ അങ്ങോളമിങ്ങോളം ആനന്ദനൃത്തം ചവിട്ടിക്കൊണ്ട് പരിലസിക്കുന്നു; അന്നേരമെല്ലാം അയാള്‍  ഈ വചനവും പാരായണം ചെയ്യുന്നുണ്ട്:

﴾فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ﴿٩٢﴾ عَمَّا كَانُوا يَعْمَلُونَ ﴿٩٣﴾ : ﴿سورة الحجر

‘എന്നാല്‍ (ഓ മുഹമ്മദ്‌), നിന്‍റെ രക്ഷിതാവിനെത്തന്നെയാണ! അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും; അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്‌.’  (അല്‍-ഹിജ്ര്‍: 92-93)

green-robe-in-paradise

സ്വപ്നത്തില്‍ ദിനാര്‍ പറയുന്നതായി ആ സുഹൃത്ത് കേട്ടു:

“അത്യുന്നതനും പ്രതാപവാനുമായ എന്റെ രക്ഷിതാവ്, എന്നോട് ചോദിക്കുകയുണ്ടായി [എന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്]. എന്നാല്‍ അവന്റെ മഹത്തായ കാരുണ്യം എന്നില്‍ വര്‍ഷിച്ചുകൊണ്ട്, അവന്‍ എനിക്ക് (എന്റെ തെറ്റുകള്‍) പൊറുത്തു നല്‍കുകയും വിട്ടുവീഴ്ച നല്‍കുകയും ചെയ്തു. ഓ നോക്കൂ! ഈ സന്തോഷവര്‍ത്തമാനം നിങ്ങള്‍ എന്റെ മാതാവിനെ അറിയിക്കണേ!”


അവലംബം:  ‘ദാറുസ്സലാം’ പബ്ലിക്കേഷന്‍സിന്റെ   “Stories of Repentance”


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History, Knowledge and tagged , . Bookmark the permalink.

One Response to ‘ഓ, ദിനാര്‍! നിനക്ക് നാശം..!!’

  1. Nunoo Rasha says:

    سبحان الله….!!!

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s