“അല്ലാഹു എന്നില്‍ നിന്ന് ഒരു കൈക്കൂലിയും സ്വീകരിച്ചിട്ടില്ല..!”

നജ്ജാശി(റ) അബ്സീനിയയിലെ രാജാവായ കഥ

Story- Of-How-Najjaashee-Became-the-King-Of-Abyssinia

നജ്ജാശി രാജാവ് തന്റെ നാട്ടിലേക്ക് [അബ്സീനിയ] ഹിജ്റ വന്ന മുസ്ലിംകളെ ഖുറൈശികളിലെ മുശ്‍രിക്കുകള്‍ക്ക് മടക്കിയേല്‍പ്പിക്കുവാന്‍ വിസമ്മതിച്ചതിനെയും; അത് ചെയ്യാനായി അദ്ദേഹത്തിനു കാഴ്ച നല്‍കാന്‍ മുശ്‍രിക്കുകള്‍ കൈക്കൂലിയായി കൊണ്ട് വന്ന സമ്മാനങ്ങള്‍ അദ്ദേഹം നിരസിച്ചതിനെയും സംബന്ധിച്ച്:

♦ അസ്സുഹ്‍രീ(റ) പറഞ്ഞു: ‘ഉര്‍വ ബിന്‍ അസ്സുബൈര്‍(റ) ഉമ്മു സലമഃ(റ)യില്‍ നിന്ന് ഈ ഹദീഥ് ഉദ്ധരിക്കുന്നത് ഞാന്‍ കേട്ടു: അതില്‍ ‘ഉര്‍വ പറഞ്ഞു: “അദ്ദേഹം (നജ്ജാശി) ഈ വാക്കുകള്‍  പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് താങ്കള്‍ക്ക് അറിയാമോ? അതായത്,

 “എന്റെ രാജപദവി അല്ലാഹു എനിക്ക് തിരിച്ചേല്‍പ്പിക്കുമ്പോള്‍ എന്നില്‍  നിന്ന് അവന്‍ ഒരു കൈക്കൂലിയും സ്വീകരിച്ചിട്ടില്ല; അങ്ങനെയുള്ളപ്പോള്‍ എന്റെ ആധിപത്യം നിലനിര്‍ത്താന്‍ ഞാന്‍ കൈക്കൂലി വാങ്ങുകയോ?! ആളുകള്‍ എന്നെ സംബന്ധിച്ച് ആഗ്രഹിച്ചതൊന്നും അല്ലാഹു എന്നോട് ചെയ്തിട്ടില്ല; എന്നിട്ട് അവന് എതിരായി ഞാന്‍ ജനങ്ങളെ അനുസരിക്കുകയോ?!”

അപ്പോള്‍ ഞാന്‍ [അസ്സുഹ്‍രീ(റ)] പറഞ്ഞു: “എനിക്ക് അറിയില്ല..”.

അപ്പോള്‍ ഉര്‍വ(റ) ആ കാര്യം വിശദീകരിച്ചു കൊണ്ട് പറഞ്ഞു: “ആയിശ(റ) എന്നോട് വിവരിച്ചു:

«« “മുമ്പ്‌ അദ്ദേഹത്തിന്റെ (അന്നജ്ജാശി) പിതാവ് ആ ജനതയുടെ രാജാവ് ആയിരുന്നു. ആ പിതാവിന് ഒരു സഹോദരന്‍ ഉണ്ടായിരുന്നു; ആ സഹോദരന് പന്ത്രണ്ട് ആണ്‍മക്കളും. എന്നാല്‍ നജ്ജാശിയുടെ പിതാവിന് അദ്ദേഹമല്ലാതെ വേറെ മക്കളൊന്നും ഉണ്ടായിരുന്നില്ല.

അങ്ങനെ ഇരിക്കെ അബ്സീനിയയിലെ ജനങ്ങളില്‍ ചിലര്‍ അവിടെയുമിവിടെയും കൂടി ഗൂഢാലോചനകള്‍ നടത്തി പറയാന്‍ തുടങ്ങി: “നാം ഈ  നജ്ജാശിയുടെ പിതാവിനെ കൊല്ലേണ്ടിയിരിക്കുന്നു; എന്നിട്ട് രാജഭരണം അയാളുടെ സഹോദരന് നല്‍കണം; അയാള്‍ക്ക്‌ പന്ത്രണ്ടു ആണ്‍മക്കളുണ്ടല്ലോ. അങ്ങനെ ഭാവിയില്‍ അവര്‍ക്ക് ഭരണം അനന്തരമെടുക്കാന്‍ സാധിക്കും, അങ്ങനെ അബ്സീനിയക്കാര്‍ക്ക് കുറെ കാലം അവര്‍ക്കിടയില്‍ കലഹങ്ങള്‍ ഇല്ലാതെ കഴിയാമല്ലോ.’ അപ്രകാരം അവര്‍ രാജാവിനെ (നജ്ജാശിയുടെ പിതാവ്) ആക്രമിച്ച് കൊലപ്പെടുത്തി; സഹോദരനെ രാജാവായി വാഴിച്ചു!

അക്കാലം മുതല്‍ നജ്ജാശി തന്റെ പിതൃവ്യന്റെ (രാജാവിന്റെ) അടുക്കല്‍ ജീവിച്ചുപോന്നു; എന്നാല്‍ കാലക്രമേണ അദ്ദേഹം തന്റെ പിതൃവ്യന് വളരെയേറെ പ്രിയപ്പെട്ടവനായിതീര്‍ന്നു. എത്രയെന്നാല്‍, രാജാവ് അദ്ദേഹത്തിനു പുറമേ മറ്റാരെയും കൂടിയാലോചനകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നജ്ജാശിയാവട്ടെ, വളരെ വിവേകശാലിയും നിശ്ചയദാര്‍ഢ്യവുമുള്ള കാര്യപ്രാപ്തനായി കാണപ്പെടുകയും ചെയ്തിരുന്നു.

അങ്ങനെ, അദ്ദേഹത്തിനു രാജാവിന്റെ അടുക്കല്‍ ഇപ്പോള്‍  ലഭിച്ചുവരുന്ന ഉന്നതസ്ഥാനം കണ്ടപ്പോള്‍ ആ അബ്സീനിയക്കാര്‍ പരസ്പരം പറഞ്ഞു: “ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ അവന്റെ പിതൃവ്യന് മറ്റാരേക്കാളും വലുതായല്ലോ! ഇങ്ങനെപോയാല്‍ അയാള്‍ ഇവനെ നമ്മുടെ മേല്‍ രാജാവാക്കുകയില്ലെന്ന് ആര് കണ്ടു! അവന്റെ പിതാവിനെ നമ്മളാണ് കൊന്നതെന്ന് അവന്‍ അറിയുന്ന സ്ഥിതിക്ക് അന്നേരം അത് നമുക്ക് സുരക്ഷിതമല്ലല്ലോ. അങ്ങനെ സംഭവിച്ചാല്‍, നമ്മളില്‍ ഒരാളെയും ബാക്കിയാക്കാതെ അവന്‍ നമ്മെ വകവരുത്തുക തന്നെ ചെയ്യും.”

അങ്ങനെ അവര്‍ രാജാവിനെ സമീപിച്ച് പറഞ്ഞു: “നിങ്ങള്‍ക്കറിയാമല്ലോ, ഞങ്ങള്‍ അവന്റെ പിതാവിനെ വധിച്ചാണ് നിങ്ങളെ ആ സ്ഥാനത്ത് വാഴിച്ചത്. അതിനാല്‍, അവന്‍ (നിങ്ങള്‍ക്ക്  ശേഷം) ഞങ്ങളുടെ മേല്‍ രാജാവായി വരുന്നത് ഞങ്ങള്‍ക്ക് ഒരു സുരക്ഷിതമായി തോന്നുന്നില്ല; അതിനാല്‍ ഒന്നുകില്‍ നിങ്ങള്‍ അവനെ കൊല്ലണം; അല്ലെങ്കില്‍ നമ്മുടെ രാജ്യത്ത് നിന്ന് അവനെ നാട് കടത്തുക തന്നെ വേണം!”

അയാള്‍ പറഞ്ഞു: “നിങ്ങള്‍ക്ക് നാശം, കഴിഞ്ഞ ദിവസം നിങ്ങള്‍ അവന്റെ പിതാവിനെ വധിച്ചു; ഇന്നിപ്പോള്‍ ഞാന്‍ അവനെ വധിക്കണമെന്നുമാണോ?! വേണ്ട, പകരം ഞാന്‍ അവനെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കിക്കൊള്ളാം.”

അങ്ങനെ അവര്‍ നജ്ജാശിയെ അവിടെ നിന്ന് കടത്തി കൊണ്ടു പോയി, അങ്ങാടിയില്‍ (വില്പനക്ക്) കൊണ്ട് വെച്ചു; എന്നിട്ട് അവിടെ കച്ചവടത്തിന് വന്നവരിലെ ഒരു വ്യാപാരിക്ക് അറുനൂറോ എഴുനൂറോ ദിര്‍ഹമിന് അടിമയായി വിറ്റു. ശേഷം ആ വ്യാപാരിയുടെ കൂട്ടത്തിലെ മറ്റു വ്യാപാരികള്‍ അദ്ദേഹത്തെ അവരുടെ കപ്പലില്‍ കൊണ്ട് തള്ളി.

ആ സംഘം അദ്ദേഹത്തോടൊപ്പം യാത്ര പുറപ്പെടുകയും ചെയ്തു.

അതേ ദിവസം വൈകുന്നേരമായപ്പോള്‍, ശരത്കാല മേഘങ്ങള്‍ ആകാശത്ത് പ്രത്യക്ഷമായി, മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍ മഴയുടെ വരവറിയിച്ചു. അപ്പോള്‍ രാജാവ് (നജ്ജാശിയുടെ പിതൃവ്യന്‍) വന്നെത്തുന്ന മഴ ഒന്നാസ്വദിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കൊട്ടാരത്തില്‍ നിന്നും പുറത്തേക്ക് പുറപ്പെട്ടു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ ഇടിത്തീയും മിന്നലും പതിച്ച് ആ യാത്രയില്‍ അദ്ദേഹം കൊല്ലപ്പെട്ടു.

അങ്ങനെ അബ്സീനിയിലെ ആളുകള്‍ അതിവേഗം ഒത്തുചേര്‍ന്നു; (ഭരണാധികാരിയെ കണ്ടെത്താന്‍) അദ്ദേഹത്തിന്റെ മക്കളുടെ അടുത്തെത്തി. എന്നാലപ്പോള്‍, അവര്‍ എല്ലാം തന്നെ വെറും വിഡ്ഢികളും വിവേകശൂന്യരുമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. അവരില്‍ ഒരാള്‍ പോലും ഒരു പ്രാപ്തനായ വിവേകശാലിയായി ഉണ്ടായില്ല! അതോടെ അബ്സീനിയക്കാരുടെ കാര്യം ആശങ്കയിലേക്കും അനിശ്ചിതാവസ്ഥയിലേക്കും എറിയപ്പെട്ടു.

അപ്പോള്‍ ആ ആളുകളില്‍ ഒരു കൂട്ടര്‍ മറ്റുള്ളവരോട് പറഞ്ഞു: “അല്ലാഹുവാണേ സത്യം, നിങ്ങള്‍ക്കറിയുമോ, നിങ്ങള്‍ക്ക് മേല്‍ രാജഭരണം ഏറ്റെടുക്കാന്‍ യോജിച്ചതായി ഉണ്ടായ ഒരേ ഒരാളെയാണ് നിങ്ങള്‍ ഇന്ന് പ്രഭാതത്തില്‍ കൊണ്ട് വിറ്റുകളഞ്ഞത്. അതുകൊണ്ട്, അബ്സീനിയന്‍ ജനതയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് വല്ല താല്‍പ്പര്യവും അവശേഷിക്കുന്നെങ്കില്‍, അവര്‍ കര വിടും മുന്‍പായി നിങ്ങള്‍ പോയി അദ്ദേഹത്തെ കൊണ്ട് വരിക!”

അങ്ങനെ ആ ആളുകള്‍ അദേഹത്തെ തിരഞ്ഞ് പുറപ്പെട്ടു. അവര്‍ തേടിപ്പിടിച്ച് ആ വ്യാപാര സംഘത്തെ കണ്ടെത്തി, അദ്ദേഹത്തെ തിരികെ കൊണ്ട് വന്നു; തലയില്‍ കിരീടം ചൂടിച്ച്, സിംഹാസനത്തിലേറ്റി രാജാവായി വാഴിക്കുകയും ചെയ്തു.

പക്ഷെ, ആ വ്യാപാരി (തിരികെ വന്ന്) അവരോട് പറഞ്ഞു: “നിങ്ങള്‍ എന്റെ പണം മടക്കിത്തരിക തന്നെ വേണം, കാരണം എന്റെ അടിമയെ നിങ്ങള്‍ തിരിച്ച് എടുത്തിരിക്കുന്നു.”

അവര്‍ പറഞ്ഞു: “ഞങ്ങള്‍ നിങ്ങള്‍ക്ക് യാതൊന്നും തിരികെ തരില്ല തന്നെ (ആ പ്രതീക്ഷ വെക്കേണ്ടതില്ല!).

വ്യാപാരി പറഞ്ഞു: “അല്ലാഹുവാണേ, ഞാന്‍ പോയി അദ്ദേഹത്തോട് (രാജാവിനോട്) പരാതിപ്പെടും.”

അങ്ങനെ അയാള്‍ രാജാവിന്റെ (നജ്ജാശിയുടെ) മുന്നിലെത്തി, പറഞ്ഞു: “അല്ലയോ രാജാവേ, ഞാന്‍ ഒരു അടിമയെ വിലയ്ക്ക് വാങ്ങി, എന്നാല്‍ ഇപ്പോള്‍ എനിക്ക് അടിമയെ വില്പന നടത്തിയവര്‍ അവനെ എന്നില്‍ നിന്ന് പിടിച്ചു കൊണ്ട് പോയി; എന്നാല്‍ അവര്‍ എന്റെ പണം തിരികെ തന്നതുമില്ല”.

അപ്പോള്‍ ഇതായിരുന്നു ഭരണത്തില്‍ എത്തിയ ശേഷം നജ്ജാശിയുടെ സ്ഥൈര്യവും, വിവേകവും, നീതിയും പ്രകടമായ ആദ്യത്തെ പരാതി തീര്‍പ്പ്‌!

അദ്ദേഹം അവരോട് പറഞ്ഞു:

“നിങ്ങള്‍ ഒന്നുകില്‍ അയാളുടെ പണം മടക്കിനല്കണം; അല്ലെങ്കില്‍ അവന്റെ അടിമയെ അവന് കൈമാറുക; എന്നാല്‍ അവനു തൃപ്തികരമായത്‌ അവന്‍ ഇതില്‍ നിന്നും തെരഞ്ഞെടുക്കട്ടെ.”

അതോടെ ആ ആളുകള്‍ പറഞ്ഞു: “അതിനേക്കാള്‍ നല്ലത് , ഞങ്ങള്‍ അവന്റെ പണം തിരികെ നല്‍കാം.”

അവര്‍ വ്യാപാരിക്ക് പണം മടക്കിനല്‍കി. »»

അപ്പോള്‍, അതുകൊണ്ടാണ്, (തന്റെ നാട്ടിലേക്ക് ഹിജ്റ വന്ന മുസ്ലിംകളെ ഖുറൈശികളിലെ മുശ്‍രിക്കുകള്‍ക്ക് മടക്കിയേല്‍പ്പിക്കുവാന്‍ വിസമ്മതിച്ചുകൊണ്ട്, അതിനായി അദ്ദേഹത്തിനു കാഴ്ച നല്‍കാന്‍ കൈക്കൂലിയായി മുശ്‍രിക്കുകള്‍ കൊണ്ട് വന്ന സമ്മാനങ്ങള്‍ നിരസിച്ചപ്പോള്‍) നജ്ജാശി പറഞ്ഞത്:

“എന്റെ രാജപദവി അല്ലാഹു എനിക്ക് തിരിച്ചേല്‍പ്പിക്കുമ്പോള്‍ എന്നില്‍ നിന്ന് അവന്‍ ഒരു കൈക്കൂലിയും സ്വീകരിച്ചിട്ടില്ല; അങ്ങനെയുള്ളപ്പോള്‍ എന്റെ ആധിപത്യം നിലനിര്‍ത്താന്‍ ഞാന്‍ കൈക്കൂലി വാങ്ങുകയോ?! ആളുകള്‍ എന്നെ സംബന്ധിച്ച് ആഗ്രഹിച്ചതൊന്നും അല്ലാഹു എന്നോട് ചെയ്തിട്ടില്ല; എന്നിട്ട് അവന് എതിരായി ഞാന്‍ ജനങ്ങളെ അനുസരിക്കുകയോ?!”


⇒ ഇബ്നു ഇസ്ഹാഖ്ന്റെ(റ) ‘ചരിത്രാഖ്യാന’ത്തിന്റെ [“Seerah” (1/363-364)] സംക്ഷിപ്ത വിവരണത്തില്‍ ഇബ്നു ഹിഷാമും(റ); തന്റെ ‘അദ്ദലാഇലി’ല്‍ [“ad-Dalaa.il” (pp.81- 84)] അബൂ നുഐമും(റ) ഇത് ഉദ്ധരിച്ചതായും, അതിന്റെ നിവേദക പരമ്പര ‘ഹസന്‍’ ആണെന്നും ശൈഖ് അല്‍-അല്‍ബാനി(റ) പ്രസ്താവിച്ചിരിക്കുന്നു.

⇒ ഇതേ വ്യക്തിയാണ്, താന്‍ ഇസ്ലാം മതം ആശ്ലേഷിച്ചിരിക്കുന്നതായി അറിയിച്ചുകൊണ്ട്‌ പ്രവാചകനുﷺ സന്ദേശം അയക്കുകയും, അങ്ങനെ ഇസ്ലാമില്‍ ആയിക്കൊണ്ട്‌ മരണമടയുകയും ചെയ്ത നജ്ജാശീ രാജാവ് (റദിയല്ലാഹു അന്‍ഹു)

⇒ ഇദ്ദേഹത്തെ കുറിച്ചാണ് ബുഖാരി(റ)യും മുസ്ലിമും(റ) അബൂ ഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന ഹദീഥില്‍ പരാമര്‍ശിച്ചിരിക്കുന്നത്: “അദ്ദേഹം മരിച്ചപ്പോള്‍ പ്രവാചകന്ﷺ അത് വഹ്‍യിലൂടെ അറിയിക്കപ്പെട്ടു, റസൂല്‍ﷺ തന്റെ അനുചരന്മാരോട് നമസ്കാരത്തിനു അണി കെട്ടാന്‍ കല്പ്പിക്കുകയും, ശേഷം അദ്ദേഹത്തിനു മേല്‍ മയ്യത്ത് നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. കാരണം അദ്ദേഹത്തിന്റെ നാട്ടില്‍ ഒരാളും അദ്ദേഹത്തിനു മേല്‍ മയ്യത്ത് നമസ്കാരം നിര്‍വഹിച്ചിരുന്നില്ല.”


കടപ്പാട്: www.alitisaambissunnah.wordpress.com


About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History and tagged , , , . Bookmark the permalink.

2 Responses to “അല്ലാഹു എന്നില്‍ നിന്ന് ഒരു കൈക്കൂലിയും സ്വീകരിച്ചിട്ടില്ല..!”

  1. Ummu yahya says:

    ma shaa allah..!!

    Like

  2. Abdurahman says:

    ആദ്യമായി അബ്സീനിയ യിലേക്ക് പോയ ഹിജ്റ സംഘത്തെ നയിച്ചത് ആര്?

    Like

Leave a comment